ഫ്രാന്‍സീസ് പാപ്പായെന്ന റോമന്‍ മെത്രാനെ ഇഷ്‌ടപ്പെടുന്നവരുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഫ്രാന്‍സീസും സാധാരണക്കാരും തമ്മിലുള്ള അകലം പടിപടിയായി കുറഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ദേശത്തിന്റെയും, വംശത്തിന്റെയും, ഭാഷയുടെയും, വിശ്വാസത്തിന്റെയുമൊക്കെ മതിലുകളെ അതിജീവിച്ചു കൊണ്ടാണ് ഈ ഹൃദയാടുപ്പം വളര്‍ന്നുകൊണ്ടിരിക്കുന്നത്.
കത്തോലിക്കര്‍ക്കു മാത്രമല്ല, അകത്തോലിക്കര്‍ക്കും, അക്രൈസ്‌തവര്‍ക്കും, എന്തിന് നാസ്‌തികര്‍ക്ക് പോലും തങ്ങളുടെ സ്വന്തക്കാരനായി മാറിക്കഴിഞ്ഞിരിക്കുന്നു ഫ്രാന്‍സീസ് പാപ്പാ. ഫ്രാന്‍സീസിന്റെ ലളിത ജീവിതവും, സുതാര്യ സംസാരവും, ഹൃദയ താഴ്‌മയും, ദരിദ്രരോടുള്ള സവിശേഷ പ്രേമവും, കുഞ്ഞുങ്ങളോടുള്ള സ്വാഭാവികാടുപ്പവും, വികലാംഗരോടും വിരൂപരോടുമുള്ള കാരുണ്യവും, പ്രസംഗത്തില്‍ ഉപയോഗിക്കുന്ന പഴഞ്ചൊല്ലുകളും കഥകളും സകലരെയും അതിശയിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.
അസ്വസ്ഥരാകാനുള്ള ആഹ്വാനം
ബ്രസീലില്‍ യുവജനസംഗമത്തിന്റെ സമാപനത്തില്‍ ലക്ഷോപലക്ഷം യുവാക്കളോടായി പാപ്പാ പറഞ്ഞു:ഞാന്‍ ആഗ്രഹിക്കുന്നത് എന്താണെന്നോ? അസ്വസ്ഥതകളാണ്. ഇവിടെ സ്വസ്ഥതയുടെയും, സുഖഭോഗത്തിന്റെയും, പൗരോഹിത്യ പ്രമത്തതയുടെയും കൂടാരങ്ങള്‍ വിട്ട് നിങ്ങള്‍ തെരുവിലേക്കിറങ്ങണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. നിങ്ങളുടെ ഇടവകകളില്‍ ഇതു സംഭവിക്കണം; അതുപോലെ സ്‌കൂളുകളിലും, സ്ഥാപനങ്ങളിലുമെല്ലാം ഇത് സംഭവിക്കണം.”
ചുറ്റുമുള്ള ദാരിദ്ര്യവും ജീവിതക്ലേശവും കണ്ട് അസ്വസ്ഥരാകാനാണ് പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്‌തത്. സുഖത്തിന്റെയും സ്വസ്ഥതയുടെയും താവളങ്ങള്‍ കൈവെടിയാന്‍. ദരിദ്രരെയും തൊഴില്‍ രഹിതരെയും കണ്ട് അസ്വസ്ഥരാകുന്ന ഒരു ക്രൈസ്‌തവ സമൂഹമാകാനാണ് പാപ്പാ നമ്മെ വെല്ലുവിളിക്കുന്നത്. പള്ളിയും ഇടവകയും വിട്ട് നാം പുറത്തേക്കിറങ്ങേണ്ടിയിരിക്കുന്നു. നമ്മുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും സ്‌പെഷ്യലൈസ്‌ഡ് ആശുപത്രികളിലും പാവപെട്ടവര്‍ക്ക് പ്രവേശനം ലഭിക്കണം. ഒരു തരത്തിലും നമ്മുടെ സ്ഥാപനങ്ങളുടെ പരിസരത്ത് പോലും എത്താന്‍ കഴിയില്ലെന്ന് കരുതുന്ന ദരിദ്രരുടെ അടുത്തേക്ക് നാം ഇറങ്ങിച്ചെല്ലേണ്ടിയിരിക്കുന്നു. അവരുടെ അജ്ഞതയും രോഗവും ദാരിദ്ര്യവും കണ്ട് അസ്വസ്ഥരാകാനാണ് പാപ്പായുടെ ആഹ്വാനം. ആദിവാസികളുടെ ജീവിതക്ലേശങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും കണ്ട് വേദനിക്കുകയും പരിഹാരത്തിനായി അസ്വസ്ഥരാകുകയും ചെയ്യുന്ന സഭയാണ് യഥാര്‍ത്ഥ ക്രിസ്‌തീയ സഭ.
മനസ്സാണ് മാറേണ്ടത്
“ആദ്യം മാറ്റം വരേണ്ടത് നമ്മുടെ മനോഭാവത്തിനാണ്, നമ്മുടെ മനസ്സിനാണ്. ഘടനാപരമായ മാറ്റം അതിന്റെ പുറകേ വന്നുകൊള്ളും.” പാപ്പായുടെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നത് യേശുക്രിസ്‌തുവിന്റെ വാക്കുകള്‍ തന്നെയല്ലേ! അവന്‍ പറഞ്ഞു: “സമയം പൂര്‍ത്തിയായിരിക്കുന്നു; ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ മനസ്സ് മാറുവിന്‍” (മര്‍ക്കോ 1:15). ക്രിസ്‌തുവിന്റെ ശ്രമവും മനം മാറ്റത്തിനായിരുന്നു എന്നു സാരം.
ഫ്രാന്‍സീസ് പാപ്പാ ആഹ്വാനം ചെയ്യുന്നത് നമ്മുടെ മനോഭാവവും ചിന്താരീതിയും മാറ്റാനാണ്. സഭയും സഭാംഗങ്ങളും ഒരു മനംമാറ്റത്തിനു തയ്യാറാകണം. ഇങ്ങനെയൊക്കെ ജീവിച്ചാല്‍ ക്രിസ്‌തുശിഷ്യരായി, കത്തോലിക്കാ സഭയായി എന്ന ചിന്താരീതി തന്നെ മാറണം.
പള്ളികളില്‍ നിന്നും അരമനകളില്‍ നിന്നും പുറത്തേക്കിറങ്ങാനാണ് പാപ്പാ അഹ്വാനം ചെയ്യുന്നത്. പുറത്തേക്ക്, തെരുവുകളിലേക്കിറങ്ങാന്‍. അവിടെയുള്ള ദരിദ്രരുടെയും ഭവനരഹിതരുടെയും ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടാന്‍. ബുവനോസ് ഐരേസിന്റെ കര്‍ദ്ദിനാളായിരിക്കുമ്പോള്‍ ബെര്‍ഗോളിയോ ചെയ്‌തതു പോലെ തെരുവുകളിലേക്കും ചേരികളിലേക്കും ബലിയര്‍പ്പണം തന്നെ മാറ്റി സ്ഥാപിക്കാന്‍. വത്തിക്കാനില്‍ പരക്കുന്ന ഒരു കിംവദന്തിയുണ്ട് – ഫ്രാന്‍സീസ് പാപ്പാ ഇന്നും രാത്രികാലങ്ങളില്‍ റോമിന്റെ തെരുവുകളില്‍ വേഷപ്രച്ഛന്നനായി ദരിദ്രരെ തേടിയിറങ്ങുന്നുവെന്ന്. പണ്ട് ബുവനോസ് ഐരേസില്‍ ചെയ്‌ത പതിവ് ഇവിടെയും തുടരുന്നുവെന്ന്.
അഭയാര്‍ത്ഥികളും ഉയര്‍ത്തിയ ബാനര്‍ ഇപ്രകാരമായിരുന്നു: “അവസാനത്തവരുടെ ഇടയിലേക്ക് സ്വാഗതം.” അവസാനത്തവരെ അന്വേഷിച്ചു പോകാനുള്ളൊരു മാനസികാവസ്ഥയിലേക്കാണു കേരള സഭയും, സന്യാസ സമൂഹങ്ങളും, നമ്മുടെ ഇടവകകളും, നമ്മുടെ സ്‌കൂളുകളും, കോളേജുകളും, നമ്മുടെ ആശുപത്രികളും മാറേണ്ടത്.
പള്ളിക്ക് പുറത്തേക്ക്
പള്ളിക്കു പുറത്തേക്ക് ഇറങ്ങാനുള്ള വെല്ലുവിളിയാണ് പാപ്പാ ഉയര്‍ത്തുന്നത്. ഇടവകയും പള്ളിയും വിട്ട് പുറത്തേക്കിറങ്ങണം. ആശ്രമങ്ങളും മഠങ്ങളും അവയുടെ ആവൃതിയും വിട്ട് നാം പുറത്തേക്കിറങ്ങണം.
പാപ്പാ പറഞ്ഞു: “ദൈവം കായേനോട് ചോദിച്ചു: നിന്റെ സഹോദരന്‍ എവിടെയാണ്? ആ ചോദ്യം ഇന്നിവിടെ പ്രതിധ്വനിക്കുന്നു. എവിടെയാണ് നിന്റെ സഹോദരന്‍? ആരാണ് ഈ അഭയാര്‍ത്ഥികളുടെ രക്തത്തിന് കാരണക്കാര്‍?” വികസിത രാഷ്‌ട്രങ്ങളുടെ കുടിയേറ്റ നിയമങ്ങളുടെ നേര്‍ക്കായിരുന്നു പാപ്പാ അന്ന് ചോദ്യം ഉയര്‍ത്തിയത്.
പാപ്പാ പറഞ്ഞു: “ആളില്ലാത്ത പള്ളികളൊന്നും സഭയുടേതല്ല; ആളില്ലാത്ത ആശ്രമങ്ങളൊന്നും സന്യാസികളുടേതല്ല; ആളില്ലാത്ത മഠങ്ങളൊന്നും നമ്മുടേതല്ല. അവയെല്ലാം വീടില്ലാത്ത പാവപ്പെട്ടവരുടേതാണ്.”
പാപ്പാ കേരളത്തില്‍ വന്നാലോ? ആളില്ലാത്ത പള്ളികളും ആശ്രമങ്ങളും ഇവിടെ അദ്ദേഹം കണ്ടെന്നു വരില്ല. എന്നാല്‍ ആളില്ലാത്ത മുറികള്‍ നമ്മുടെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും അനേകമുണ്ട്. ആളില്ലാത്ത മുറികളൊന്നും സഭയുടേതല്ല; മറിച്ച് അവയൊക്കെ അന്തിയുറങ്ങാന്‍, വീടില്ലാത്ത അനാഥര്‍ക്കു അവകാശപ്പെട്ടതാണ്.
ഏതാണ് ഒന്നാമത്തേത്?
‘ലാ ചിവില്‍ത്താ കത്തോലിക്കാ’ മാസികയുടെ പത്രാധിപരുമായുള്ള സംഭാഷണ മധ്യേ ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു: “നമ്മള്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ആദിമ പ്രഘോഷണം തന്നെയാണ്. അതായത് ദൈവം നിന്റെ പിതാവാണ്. മകനെപ്പോലെ നിന്നെ അവിടുന്ന് സ്‌നേഹിക്കുന്നു എന്ന സദ്‌വാര്‍ത്ത. അതാണ് ആദ്യം കൊടുക്കേണ്ടത്. ബാക്കിയെല്ലാം അതിന് ശേഷം വരേണ്ടതാണ്.”
ഇത് പ്രധാനപ്പെട്ടൊരു മാറ്റമാണ് – ഒന്നാമത്തേത് ഏത്, രണ്ടാമത്തേത് ഏതെന്ന തിരിച്ചറിവ്. എല്ലാത്തിനും ഒരേ പ്രാധാന്യമല്ല ഉള്ളതെന്ന വകതിരിവ്. അതിന് അദ്ദേഹം ഉദാഹരണം പറഞ്ഞത് സഭയെ യുദ്ധക്കളത്തിലെ ആശുപത്രിയോടു ഉപമിച്ചുകൊണ്ടാണ്. പാപ്പാ പറഞ്ഞു: “മാരകമായി മുറിവേറ്റിരിക്കുന്നവന്റെ മുറിവുകള്‍ പരിചരിക്കുകയാണ് അടിയന്തരാവശ്യം. അല്ലാതെ അവന്റെ ഷുഗറും കൊളസ്‌ട്രോളും അളക്കുകയല്ല.”
സുവിശേഷ പ്രഘോഷണമാണ് ആദ്യം വരേണ്ടത് – ദൈവം അപ്പനെപ്പോലെ സ്‌നേഹിക്കുന്നുവെന്ന പ്രഘോഷണം. അതിനുശേഷം മാത്രമാണ് വേദോപദേശവും ധാര്‍മ്മിക ശാസ്‌ത്രവും വരുന്നത്. ഇത് പ്രധാനപ്പെട്ടൊരു പാഠമാണ്. ഒന്നാം സ്ഥാനം സ്‌നേഹത്തിനാണ്. അല്ലാതെ, സഭാനിയമങ്ങള്‍ക്കും, ലിറ്റര്‍ജിക്കും, ധാര്‍മിക നിയമങ്ങള്‍ക്കുമല്ലെന്ന പാഠം കേരളസഭ അടിന്തരമായി ശ്രദ്ധ പതിപ്പിക്കേണ്ട കാര്യമല്ലേ? ഈ കാര്യത്തില്‍ കേരളസഭയില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഒന്നാം സ്ഥാനത്തു നിറുത്തേണ്ട സ്‌നേഹത്തനും, കാരുണ്യത്തിനും, മനുഷ്യത്വത്തിനും പകരം മറ്റു പലതിനും ഒന്നാം സ്ഥാനം കൊടുത്തിരിക്കുന്ന പതിവ് നമ്മുടെ ഇടയില്‍ തുടരുന്നില്ലേ? ദൈവത്തിന്റെ രക്ഷാകരസ്‌നേഹത്തിന് ഒന്നാം സ്ഥാനം കല്‌പിക്കണം. അല്ലാതെ സഭാനിയമത്തിനും സ്‌നേഹത്തിനും നടപടിക്രമങ്ങള്‍ക്കുമല്ല. മുകളിലായി സഭാനിയമങ്ങളും ആചാരങ്ങളും പ്രാമാണ്യം നേടുന്ന എല്ലാ അവസ്ഥകളെയും തിരിച്ചറിയുകയും മാറ്റിയെടുക്കുകയും ചെയ്യുക കേരളത്തിലെ വ്യവസ്ഥാപിത സഭയ്‌ക്ക് വലിയൊരു വെല്ലുവിളിയായിരിക്കും.
മനുഷ്യത്വത്തിന് ഒന്നാം സ്ഥാനം.
സെപ്‌തംബര്‍ 17-ാം തീയതിയായിരുന്നു ആര്‍ച്ച്‌ബിഷപ് കൊണ്‍റാഡിന്റെ മെത്രാഭിഷേകം. ഒരു സാധാരണ വൈദികനായിരുന്ന കൊണ്‍റാഡിനെ ഒറ്റയടിക്കായിരുന്നു ഫ്രാന്‍സീസ് പാപ്പാ മത്രാപ്പോലീത്താ സ്ഥാനത്തേക്കു ഉയര്‍ത്തിയത് – വത്തിക്കാന്റെ ഉപവി കാര്യാലയത്തിന്റെ അധ്യക്ഷനായിട്ട്. അതിനുള്ള കാരണമാണ് കൗതുകകരം. വത്തിക്കാന്റെ ഭക്ഷണശാലകളില്‍ മിച്ചം വരുന്ന ഭക്ഷണസാധനങ്ങള്‍ ഫാദര്‍ കൊണ്‍റാഡ് പതിവായി വത്തിക്കാന്‍ തെരുവിലെ പാവങ്ങള്‍ക്കു കൊണ്ടുപോയി കൊടുക്കുമായിരുന്നു. പാപ്പാ ഈ കാര്യം അറിഞ്ഞു. അങ്ങനെയെങ്കില്‍ ഫാദര്‍ കൊണ്‍റാഡല്ലാതെ മറ്റാരാണ് വത്തിക്കാന്റെ ഉപവി കാര്യാലയത്തിന്റെ അധ്യക്ഷനാകാന്‍ യോഗ്യന്‍! ഇതായിരുന്നു പാപ്പായുടെ ന്യായം.
ഫാദര്‍ കൊണ്‍റാഡിന്റെ മെത്രാഭിഷേക സമയം. ഫ്രാന്‍സീസ് പാപ്പായും അവിടെ സന്നിഹിതനായിരുന്നു. പ്രധാന കാര്‍മ്മികനായിട്ടല്ല; സഹകാര്‍മ്മികരില്‍ ഒരാളായി പോലും പാപ്പാ നിന്നില്ല. വെളുത്ത ളോഹയുടെ പുറത്ത് ഒരു ഊറാറ മാത്രമിട്ട് അദ്ദേഹം നവാഭിഷിക്തന്റെ തലയില്‍ കൈ വച്ചു. പരമ്പരാഗത സഭാക്രമങ്ങള്‍ ലംഘിച്ചതു കണ്ട് കാനന്‍ വിദഗ്‌ധരും ആരാധനക്രമ പണ്ഡിതരും അന്തിച്ചു നിന്നു!
ഫ്രാന്‍സീസ് പാപ്പാ പണ്ട് ബുവനോസ് ഐരേസില്‍ വച്ചും ഇതുപോലെ ചെയ്‌തിട്ടുണ്ട്. ഒരച്ചന്റെ ജൂബിലിക്ക് പോയപ്പോള്‍ അച്ചനെ തന്നെ പ്രധാന കാര്‍മികനാക്കി. എന്നിട്ട് ഒരു ഊറാറയിട്ട് മെത്രാപ്പോലീത്താ കുര്‍ബാനയില്‍ പങ്കെടുത്തു. പാപ്പാ തരുന്ന പാഠം വ്യക്തമാണ് – മനുഷ്യത്വമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിനുവേണ്ടി ഏതു സഭാനിയമവും പാരമ്പര്യവും ലംഘിക്കാം. ഇത് ആദ്യം പഠിപ്പിച്ചത് നസ്രത്തിലെ ഈശോയാണ്: “സാബത്ത് മനുഷ്യനുവേണ്ടിയിട്ടാണ്; അല്ലാതെ മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല” (മര്‍ക്കോ 2:27). മനുഷ്യത്വത്തിനും മനുഷ്യനന്മയ്‌ക്കും ഒന്നാം സ്ഥാനം കൊടുക്കുന്നത് മാനദണ്ഡമായി സ്വീകരിച്ചാല്‍ കേരളസഭയില്‍ ഏതൊക്കെ നിയമങ്ങളും പാരമ്പര്യങ്ങളും ലംഘിക്കപ്പെടണം? പരമ്പരാഗതമായി നിലവിലിരിക്കുന്ന നിയമങ്ങള്‍ മുതല്‍ അടുത്തകാലത്ത് സഭാസമിതികള്‍ പാസ്സാക്കിയ നിയമങ്ങള്‍ വരെ അക്കൂട്ടത്തില്‍ വരില്ലേ? പുതിയ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാനുള്ള പ്രലോഭനം വരുമ്പോള്‍ നാം ആദ്യം ചോദിക്കേണ്ട ചോദ്യം – ഇത് സാധാരണ മനുഷ്യരുടെ നന്മയ്‌ക്ക് ഉതകുന്നതാണോ എന്നാണ്. മാറിനിന്ന് സ്വയം ചോദിക്കുക മാത്രമല്ല; നിയമം ബാധിച്ചേക്കാവുന്ന സാധാരണക്കാരുടെ അഭിപ്രായം നിയമനിര്‍മാണത്തിന് മുമ്പ് ആദ്യം കണക്കിലെടുക്കുകയും വേണം. കാലാകാലങ്ങളായി സഭയിലും സമൂഹത്തിലും നിലവിലിരിക്കുന്ന നിയമങ്ങളെയും ചട്ടങ്ങളെയും ഇത്തരമൊരു വിലയിരുത്തലിന് വിധേയമാക്കാന്‍ തയ്യാറാകണം. എന്നിട്ടു മനുഷ്യനന്മയ്‌ക്കു ഉപകരിക്കാത്തതും അതിനെ തടസ്സപ്പെടുത്തുന്നതുമായവയൊക്കെ മാറ്റാനുള്ള ധൈര്യം കേരള സഭ കാണിക്കേണ്ടിയിരിക്കുന്നു.
പ്രതിപക്ഷ ബഹുമാനം
മാര്‍ച്ചില്‍ ഫ്രാന്‍സീസ് പാപ്പായുടെ സ്ഥാനാരോഹണം കഴിഞ്ഞ സമയം. റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ സമൂഹത്തെ കണ്ടശേഷം അവസാനം പാപ്പാ അവര്‍ക്ക് പതിവു രീതിയിലുള്ള കത്തോലിക്കാ ആശീര്‍വാദം നല്‍കിയില്ല. അതിനുപകരം അദ്ദേഹം പറഞ്ഞു: “നിങ്ങളില്‍ പലരും കത്തോലിക്കരല്ല; മറ്റു കുറെപ്പേര്‍ ദൈവവിശ്വാസികള്‍ പോലുമായിരിക്കില്ല. അതിനാല്‍ നിങ്ങളുടെ മനസ്സാക്ഷിയെ ബഹുമാനിച്ചുകൊണ്ട് നിങ്ങളെ ഞാന്‍ മൗനമായി അനുഗ്രഹിക്കുന്നു.” എന്നിട്ടദ്ദേഹം ഒരു നിമിഷം നിശബ്‌ദനായി. അവസാനം പറഞ്ഞു: “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!”
നാസ്‌തികനായ സ്‌കാള്‍ഫാരിയോടു സംസാരിച്ചപ്പോഴും പാപ്പാ ഇതു തന്നെയാണ് വ്യക്തമായി പറഞ്ഞത്: “നന്മയേയും തിന്മയേയും പറ്റി ഓരോരുത്തര്‍ക്കും ഓരോ കാഴ്‌ചപാടാണുള്ളത്. ഓരോരുത്തനും നന്മയെന്ന് കരുതുന്നതിലേക്ക് എത്തിച്ചേരാന്‍ അവനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മുടെ കടമ.”
വ്യത്യസ്ഥതകളേയും ബഹുസ്വരതയേയും ബഹുമാനിക്കാനുള്ള മാതൃകയാണ് മാര്‍പ്പാപ്പാ കാട്ടിതരുന്നത്. കേരളത്തിലും ഭാരതത്തിലും ഇതിന്റെ പ്രസക്തി ഏറെയാണ്. കാരണം ഏറ്റവും വലിയൊരു ബഹുസ്വരസമൂഹമാണ് നമ്മുടേത്. എത്ര മതങ്ങളാണ്, എത്ര സാംസ്‌ക്കാരങ്ങളാണ്, എത്ര ജാതികളാണ്, എത്ര വിശ്വാസരീതികളാണ് നമ്മുടെ ഇടയിലുള്ളത്: അവയെയൊക്കെ ആദരിക്കാനും അവയോടൊക്കെ സഹിഷ്‌ണുതയോടെ വര്‍ത്തിക്കാനുമുള്ള വെല്ലുവിളിയാണ് കേരള സഭ ഏറ്റെടുക്കേണ്ടത്.
നമ്മുടെ പൊതുസ്ഥാപനങ്ങളിലൊക്കെ ഈ പ്രതിപക്ഷ ബഹുമാനം പ്രോത്സാഹിപ്പിക്കപ്പെടണം. നമ്മുടെ കലാലയങ്ങളുടെയും ആശുപത്രികളുടെയും സേവനം മറ്റു മതസ്ഥരില്‍ അനേകം പേര്‍ സ്വീകരിക്കുന്നുണ്ട്. നമ്മുടെ വിശ്വാസവും പ്രാര്‍ത്ഥനാരീതികളും അവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായം നമ്മുടെ ആശുപത്രികളിലും കലാലയങ്ങളിലും ഉണ്ടാകാന്‍ പാടില്ല. നേരെമറിച്ച്, മറ്റ് മതസ്ഥര്‍ക്ക് അവരുടെ വിശ്വാസവും പ്രാര്‍ത്ഥനയും അനുഷ്‌ഠിക്കാനുള്ള സാഹചര്യം കൂടി നമ്മുടെ സ്ഥാപനങ്ങളില്‍ ഒരുക്കിക്കൊടുക്കുന്നിടത്താണ് നാം യഥാര്‍ത്ഥത്തില്‍ ദൈവികരായി മാറുന്നത്.
വിധിക്കരുത്
സ്വവര്‍ഗ്ഗരതിക്കെതിരായ സുപ്രീം കോടതി വിധി വന്ന ദിവസത്തെ ചാനല്‍ ചര്‍ച്ച. കത്തോലിക്കാ വൈദികരെ ചര്‍ച്ചക്കായി ആരും വിളിച്ചു പോകുന്ന വിഷയമാണല്ലോ. ഒരു ചാനല്‍ക്കാരന്‍ സ്വര്‍ഗരതിയെ എതിര്‍ക്കുന്നതിന്റെ കാരണങ്ങള്‍ ചോദിച്ചു. ചര്‍ച്ചയ്‌ക്കു വന്ന വൈദികന്‍ സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്നും, സാമൂഹ്യതിന്മയാണെന്നും, പാപമാണെന്നും ഘോരഘോരം വാദിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ മാധ്യമക്കാരന്റെ ഒരു ചോദ്യം: “അപ്പോള്‍ അച്ചന്‍ മാര്‍പ്പാപ്പായ്‌ക്ക് എതിരാണ് അല്ലേ?”
ബ്രസീലില്‍ നിന്നുമുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വച്ചുള്ള അഭിമുഖത്തിലായിരുന്നു ഫ്രാന്‍സീസ് പാപ്പാ തന്റെ നിലപാട് വ്യക്തമാക്കിയത്: “ഒരുവന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെങ്കില്‍, അയാളെ വിധിക്കാന്‍ ഞാനാരാണ്?”
പിന്നീട് അദ്ദേഹം വിശദീകരിച്ചു. – ബുവനോസ് ഐരേസില്‍ വച്ച് സ്വവര്‍ഗ്ഗരതിക്കാരുടെ കത്തുകള്‍ കിട്ടാറുണ്ടെന്ന്. സഭ അവരെ നിഷ്‌ക്കരുണം വിധിക്കുന്നതായിട്ട് അവര്‍ക്ക് അനുഭവപ്പെടുന്നെന്ന്.
“ഒരിക്കല്‍ എന്നോടൊരാള്‍ പ്രകോപനപരമായി ചോദിച്ചു – ഞാന്‍ സ്വവര്‍ഗ്ഗരതിയെ അനുകൂലിക്കുന്നുണ്ടോയെന്ന്. ഞാനയാള്‍ക്ക് മറുപടി കൊടുത്തത് മറ്റൊരു ചോദ്യം കൊണ്ടാണ്. ആദ്യം താങ്കള്‍ ഇതിനു ഉത്തരം പറയുക. ദൈവം ഒരു സ്വവര്‍ഗാനുരാഗിയെ കാണുമ്പോള്‍ അവന്റെ അസ്‌തിത്വത്തെ സ്‌നേഹത്തോടെ അംഗീകരിക്കുകയാണോ ചെയ്യുന്നത്, അതോ അവനെ വിധിക്കുകയും തിരസ്‌ക്കരിക്കുകയുമാണോ?”
എന്നിട്ടു പാപ്പാ തുടര്‍ന്നു: “നമ്മള്‍ ആദ്യം പരിഗണിക്കേണ്ടത് നമ്മുടെ മുമ്പിലുള്ള മനുഷ്യ വ്യക്തിയെയാണ്. നിയമത്തെയും ധാര്‍മികതയേയുമല്ല. കാരണം ജീവിതത്തില്‍ ദൈവം ഓരോ വ്യക്തിയേയും സ്‌നേഹത്തോടെ അനുധാവനം ചെയ്യുന്നു. നമ്മളും ഓരോ വ്യക്തിയെയും അവന്റെ ജീവിത സാഹചര്യങ്ങളില്‍ കരുണയോടെ അവനെ അനുധാവനം ചെയ്യണം.”
വിധിക്കരുത് എന്ന കല്‌പന തന്നത് യേശുക്രിസ്‌തു തന്നെയാണ്. കേരളസഭ ഏതൊക്കെ തലങ്ങളിലൊക്ക ഈ കല്‌പന അനുവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇടവകയിലെ പള്ളി പ്രസംഗം മുതല്‍ ഇത് ആരംഭിക്കേണ്ടിയിരിക്കുന്നുവെന്നു തോന്നുന്നു. ആരെയും വിധിക്കാതിരിക്കുക എന്നത് മലയാളിയെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളി തന്നെയാണ്.
വിശ്വാസ ത്യാഗികള്‍
ബ്രസീലിലെ മെത്രാന്‍ സംഘത്തെ അഭിസംബോധന ചെയ്‌തപ്പോഴായിരുന്നു പാപ്പാ എമ്മാവുസിലെ ശിഷ്യന്മാരുടെ അനുഭവം അവരെ ഓര്‍മിപ്പിച്ചത്. അതിനൊരു കാരണവുമുണ്ടായിരുന്നു. കത്തോലിക്കാ സഭയില്‍ നിന്നും പെന്തക്കോസ്റ്റല്‍ സഭകളിലേക്കുള്ള വിശ്വാസികളുടെ കൊഴിഞ്ഞുപോക്ക് ബ്രസീലിലെ സഭ അഭിമുഖീകരിക്കുന്നൊരു വലിയ പ്രശ്‌നമായിരുന്നു.
ജറുസലേം വിട്ട് എമ്മാവൂസിലേക്കു പോകുന്ന ശിഷ്യരോടൊപ്പം അനുയാത്ര ചെയ്യുകയായിരുന്നു യേശു. പാപ്പാ പറഞ്ഞു: “അനുയാത്ര ചെയ്യുന്ന ഒരു സഭയേയാണ് നമ്മുക്കാവശ്യം. ജീവിതത്തിലെ പ്രതീക്ഷകളെല്ലാം നഷ്‌ടപ്പെട്ടു നിരാശരായി ജറുസലേം വിട്ടു പോകുന്നവരുടെ കൂടെ നടക്കാനും, അവരോടു സംഭാഷണത്തിലേര്‍പ്പെടാനും സഭയ്‌ക്ക് കഴിയണം.” അവരെ വിശ്വാസത്തിലേക്കും, പ്രത്യാശയിലേക്കും സഭാകൂട്ടായ്‌മയിലേക്കും, കൊണ്ടുവരാനുള്ള ക്രിസ്‌തീയമാര്‍ഗ്ഗം അതു മാത്രമാണെന്നും പാപ്പാ പറഞ്ഞു.
സമാനസാഹചര്യം കേരളസഭയും അഭിമുഖീകരിക്കുന്നണ്ട്. സഭാകൂട്ടായ്‌മയില്‍ നിന്നും അകന്നു പോകുന്നവരുടെ കൂടെ നടക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുന്ന സമീപനം നമ്മള്‍ പരിശീലിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
സ്‌ത്രൈണ പ്രതിഭ
‘ലാ ചിവില്‍ത്താ കത്തോലിക്കാ’ എന്ന മാസികയ്‌ക്കു നല്‌കിയ അഭിമുഖത്തില്‍ പാപ്പാ പറഞ്ഞു: “സ്‌ത്രീയും അവളുടെ പങ്കുമില്ലാതെ സഭയ്‌ക്ക് സഭയായിരിക്കാന്‍ പറ്റില്ല. ഒരു സ്‌ത്രീയായ മറിയം സഭയില്‍ മെത്രാന്മാരേക്കാള്‍ പ്രാധാന്യമുള്ളവളാണ്. അതുകൊണ്ട് സഭയില്‍ സ്‌ത്രീകളുടെ പങ്കിനെപ്പറ്റി നാമിനിയും അന്വേഷിക്കേണ്ടിയിരിക്കുന്നു. ആഴമുള്ള ഒരു സ്‌ത്രൈണ ദൈവശാസ്‌ത്രം വളര്‍ത്തിയെടുക്കാന്‍ നാം കഠിനമായി പരിശ്രമിക്കണം.”
അദ്ദേഹം തുടര്‍ന്നു: “സഭയില്‍ പ്രധാനപെട്ട തീരുമാനങ്ങള്‍ എടുക്കുന്നിടത്തെല്ലാം സ്‌ത്രൈണ പ്രതിഭ ആവശ്യമാണ്. ഇന്നത്തെ വെല്ലുവിളി തന്നെ ഇതാണ്. സഭാധികാരം വിനിയോഗിക്കപ്പെടുന്ന സഭാതലങ്ങളിലെല്ലാം സ്‌ത്രീകളുടെ സുവിശേഷമായ സ്ഥാനം എന്താണ്?”
കേരളസഭയെ സംബന്ധിച്ചിടത്തോളം പാപ്പായുടെ നിര്‍ദ്ദേശങ്ങള്‍ താത്വികമായി അംഗീകരിക്കുക പോലും ക്ലേശകരമായിരിക്കും. കാരണം അത്രയ്‌ക്കു പുരുഷ മേധാവിത്വം നിലവിലിരിക്കുന്ന സമൂഹവും സഭയുമാണ് മലയാളിയുടേത്. സഭാ തീരുമാനങ്ങളിലും സഭാധികാരങ്ങളിലും സ്‌ത്രീകള്‍ക്ക് അര്‍ഹമായ പങ്ക് കൊടുക്കുന്നതിലൂടെ മാത്രമേ സഭ കൂടുതല്‍ ദൈവികമാകുകയുള്ളൂ.
നന്മയുടെ പുളിമാവാകുക
സ്‌കാള്‍ഫാരിയുമായുള്ള സംഭാഷണത്തിനിടയില്‍ ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു: “യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷമായിരിക്കാനുള്ള വിളിയാണ് സഭയുടേത്. ഞങ്ങള്‍ പുളിമാവാണ്. പുളിമാവ് കുറച്ചു മതി. അത് മൊത്തം മാവിനെയും പാകപ്പെടുത്തും. ഞങ്ങളുടെ ആത്യന്തികലക്ഷ്യം മതപരിവര്‍ത്തനമല്ല.”
കേരളത്തിലും ഭാരതത്തിലും നന്മയുടെ പുളിമാവായിരിക്കുക എന്നുള്ളതുതന്നെയാണ് സഭയുടെ ദൗത്യം. മഹാഭൂരിപക്ഷത്തിലേക്ക് നന്മയും, കാരുണ്യവും, നീതിയും പ്രചരിപ്പിക്കുന്ന പുളിമാവായ ചെറിയ സമൂഹമായിരിക്കുക. ഇതും യഥാര്‍ത്ഥത്തില്‍ വലിയൊരു വെല്ലുവിളി തന്നെയാണ്. സംഘടിക്കുകയും വലുതാകുകയും മസില്‍ ബലം കാണിക്കുകയും ചെയ്യാനുള്ള പ്രലോഭനത്തിന് കേരളസഭ പലപ്പോഴും അടിപ്പെടുന്നില്ലേ?
ദൈവരാജ്യം ലക്ഷ്യം വയ്‌ക്കുന്ന പാപികള്‍
സ്‌പദാരോയുടെ ചോദ്യത്തിന് ഉത്തരമായി ഫ്രാന്‍സീന് പാപ്പാ പറഞ്ഞു: “ഞാനൊരു പാപിയാണ്. ഇതൊരു ആലങ്കാരിക പ്രയോഗമല്ല. സത്യമായും ഞാനൊരു പാപിയാണ്. കര്‍ത്താവ് കരുണാപൂര്‍വം തൃക്കണ്‍പാര്‍ത്ത പാപിയായ മനുഷ്യനാണ് ഞാന്‍.”
ക്രിസ്‌ത്യാനിയും സഭയും അനുഭവിക്കുന്ന അടിസ്ഥാന വൈരുദ്ധ്യമാണിത്. നമ്മള്‍ പാപികളാണ്. എന്നാല്‍ സഭ വലിയ ആദര്‍ശങ്ങളും, മൂല്യങ്ങളും വിശുദ്ധിയും മുറുകെ പിടിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു. പലപ്പോഴും നമുക്ക് മുഴുവനായി എത്തിപ്പിടിക്കാനാവാത്ത പുണ്യങ്ങള്‍ തന്നെയാണ് നമ്മള്‍ പ്രഘോഷിച്ചുകൊണ്ടിരിക്കുന്നത്. പാപികളുടെ സമൂഹമായ സഭ ലക്ഷ്യം വയ്‌ക്കുന്നത് ദൈവരാജ്യമാണെന്നു ചുരുക്കം. ഈ അവബോധം അനുദിനം നിലനിര്‍ത്തിക്കൊണ്ടു വേണം നാം മുന്നേറാന്‍.
പാപികളുടെ സമൂഹമെന്ന നിലയില്‍ പല തെറ്റുകളും കുറവുകളും കേരള സഭയ്‌ക്കുമുണ്ട്. മറ്റുള്ളവര്‍ അവയെ ചൂണ്ടികാണിക്കുമ്പോള്‍ കേള്‍ക്കാനും വിലയിരുത്താനും തിരുത്താനുമുള്ള ഹൃദയ വിശാലതയുണ്ടാകുക പ്രധാന കാര്യമാണ്. പാപികളാണെന്ന തിരിച്ചറിവ് നിലനിര്‍ത്തുകയും തെറ്റ് തിരുത്താനുമുള്ള ഹൃദയതാഴ്‌മ പരിശീലിക്കുകയും ചെയ്യുക വലിയൊരു വെല്ലുവിളി തന്നെയാണ്.
ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു ഫ്രാന്‍സീസ് വത്തിക്കാനിലെത്തിയിട്ട്. ഈ ചെറിയ കാലഘട്ടം കൊണ്ട് അദ്ദേഹം കത്തോലിക്കാ സഭയില്‍ വരുത്തിയ മാറ്റങ്ങള്‍ സ്വപ്‌നാതീതമാണ് എന്ന് പറയുന്നതില്‍ ഒരു അതിശയോക്തിയുമില്ല. പോരാ, ഇതിലും അത്ഭുതകരമായ മാറ്റങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീതിയാണ് അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും ജനിപ്പിക്കുന്നത്. അത്തരം മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വ്യക്തികളും സഭാസമൂഹങ്ങളും അദ്ദേഹം ഉയര്‍ത്തുന്ന മാറ്റത്തിന്റെ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ തയ്യാറാകണം. അങ്ങനെയായാല്‍ വ്യക്തികളില്‍ നന്മയിലേക്കുള്ള രൂപാന്തരീകരണമുണ്ടാകും, സഭകളിലും ഉണ്ടാകും. അവിടം കൊണ്ടു അവസാനിക്കാതെ അത്തരമൊരു മാറ്റം ലോകത്തിലാകമാനം പടര്‍ന്നുപിടിക്കും. ലോകത്തിന്റെ പ്രശ്‌നപ്രതിസന്ധികളിലൊക്കെ സമാധാനത്തിന്റെ ദൂതനാകാന്‍ പാപ്പായ്‌ക്കും ക്രിസ്‌തീയതയ്‌ക്കും കഴിയും
.